ഇരിട്ടി: ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി ചതിരൂർ, പരിപ്പ്തോട്, പറമ്പത്തെകണ്ടി മേഖലകളിൽ വീണ്ടും കാട്ടാന ശല്യം. സമയ വ്യതാസമില്ലാതെ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാനകൾ കൃഷി നശിപ്പിക്കുന്നതിനൊപ്പം നാട്ടുകാരുടെ സുരക്ഷയ്ക്കും ഭീഷണിയായി മാറിയിരിക്കുകയാണ്.
ചതിരൂർ നീലായിൽ ബുധനാഴ്ച രാത്രി 10 ഓടെയാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലേക്ക് എത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്ററുടെ നേതൃത്വത്തിൽ വനപാലകരും നാട്ടുകാരും ചേർന്ന് ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തി. സമയോചിതമായ ഇടപെടൽ മൂലം കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാനായെങ്കിലും അന്ന് കാട്ടാനയുടെ മുന്നിൽപ്പെട്ട ഒരു വീട്ടമ്മ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. കൂടാത ചുണ്ടംതടത്തിൽ ബിനോയിയുടെ അരയേക്കറോളം പുൽക്കൃഷി ആനകൾ നശിപ്പിച്ചിരുന്നു.
വ്യാഴാഴ്ച പുലർച്ചെയോടെ പരിപ്പ്തോട് മേഖലയിൽ റബർ തോട്ടത്തിൽ വീണ്ടും കാട്ടാനയെ കണ്ടെത്തി. ടാപ്പിംഗ് തൊഴിലാളികളാണ് ആദ്യം ആനയെ കണ്ടത്. ആറളം ഫാം മേഖലയിലെ അപകടകാരിയായ " മൊട്ടുകൊമ്പൻ’ എന്നറിയപ്പെടുന്ന ആനയാണ് പരിപ്പ്തോട്ടിലെത്തിയതെന്ന് വനവകുപ്പ് അറിയിച്ചു. വനപാലകർ എത്തി ആനയെ കാട്ടിലേക്ക് തുരത്തിയെങ്കിലും ജനങ്ങൾ ഇപ്പോഴും ഭീതിയിലാണ്. സാധാരണക്കാരായ നിരവധി കുടുംബങ്ങൾ താമസിക്കുന്ന ജനവാസ മേഖലയിലേക്കാണ് ആന വീണ്ടും എത്തിയത്. ആറളം വന്യജീവി സങ്കേതത്തിൽ നിന്നിറങ്ങുന്ന ആനകളാണ് മേഖലയിൽ തുടർച്ചയായി ഭീഷണി ഉയർത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. തുടർച്ചയായ കാട്ടാനശല്യം പ്രദേശവാസികളുടെ ആശങ്ക വർധിപ്പിക്കുകയാണ്.
ഇതിനിടെ, ആറളം പഞ്ചായത്തിലെ പറമ്പത്തെകണ്ടി മേഖലയിലും കഴിഞ്ഞ രണ്ട് ദിവസമായി കാട്ടാനയുടെ ആക്രമണം തുടരുകയാണ്. ആറളം ഫാമിൽ തമ്പടിച്ചിരിക്കുന്ന ആനകളാണ് ഇവിടെ ജനവാസ മേഖലയിലേക്ക് കടന്നുവരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. മേഖലയിൽ ഏകദേശം ഒന്നര കിലോമീറ്റർ ദൂരത്തിൽ സോളാർ വേലി സ്ഥാപിക്കാത്തതിനാലാണ് ആനകൾ എളുപ്പത്തിൽ കൃഷിയിടങ്ങളിലേക്ക് പ്രവേശിക്കുന്നതെന്നും അവശേഷിക്കുന്ന ഭാഗത്തുകൂടി വേലി സ്ഥാപിച്ചാൽ ആക്രമണം തടയാനാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ചതിരൂർ മേഖലയിൽ സോളാർ വേലി സ്ഥാപിക്കാത്ത 4.5 കിലോമീറ്റർ ഭാഗത്ത് വേലി നിർമിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നാണ് വിശദീകരണം. എന്നാൽ അതുവരെ കാട്ടാന ശല്യത്തിൽ നിന്ന് ജനങ്ങളെ എങ്ങനെ സംരക്ഷിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.
പരിപ്പ്തോട് മേഖലയിൽ നിലവിലുള്ള സോളാർ വേലി മരങ്ങൾ തള്ളിയിട്ട് തകർത്താണ് ആനകൾ മേഖലയിലേക്ക് കടക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. ആറളം ഫാമിലെ ആനമതിൽ പൂർത്തിയായാൽ ആനകളുടെ സഞ്ചാരപാത മാറി ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിലെ ജനവാസ മേഖലകളിലേക്ക് കൂടുതൽ ഭീഷണിയാകുമെന്ന ആശങ്കയും ശക്തമാണ്. കാട്ടാന ശല്യം നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.